ആവേശപ്പൂട്ട്........


നമ്മുടെ നാട്ടിലെ ഒരു ഗ്രാമീണ കായിക വിനോദമെന്ന നിലയില്‍ പ്രശസ്തമെങ്കിലും, 'കന്നുപൂട്ട്' മല്‍‍സര‍ങ്ങളോട് ചെറുപ്പം മുതലേ മനസ്സില്‍ തോന്നിയിരുന്ന കൊച്ചുപ്രതിഷേധം കാരണം ഇത്രയും കാലമായി അത്തരം വേദികളിലേക്ക് ഒന്ന് ചെന്ന് നോക്കാന്‍ പോലും തോന്നിയിരുന്നില്ല. കാളപ്പോരും, കോഴിയങ്കവും, കന്ന്പൂട്ടുമെല്ലാം മിണ്ടാപ്രാണികളെ പീഡിപ്പിച്ച് രസിക്കുന്ന ഇരുകാലി മനുഷ്യരുടെ ക്രൂര വിനോദങ്ങളായി മാത്രമെ കാണാന്‍ കഴിഞ്ഞിരുന്നുള്ളു.
(കാളപ്പൂട്ട് പ്രേമിയായ എന്റെ ഒരു സുഹൃത്ത് ഈ പറഞ്ഞതിനോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. കന്നുപൂട്ടിനെ ഒരിക്കലും മൃഗപീഡനമായി കാണാന്‍ കഴിയില്ല. നല്ല പരിഗണനയും, മുന്തിയ ഭക്ഷണവും കൊടുത്ത് വളര്‍ത്തുന്ന ഇവരെ കൊണ്ട് ഇതല്ലാതെ മറ്റൊരു പണിയും ചെയ്യിപ്പിക്കുന്നില്ല എന്നും അദ്ദേഹം വാദിക്കുന്നു.)
അതെന്തായാലും, ഇന്നിപ്പോള്‍ ഫോട്ടോഗ്രാഫി തലക്കടിച്ചകാരണം, പഴയ നീരസമെല്ലാം തത്ക്കാലം മാറ്റിവെച്ച് (തലയില്‍ മുണ്ടിട്ടെന്നവണ്ണം) ഞാന്‍ പൂട്ട്കണ്ടത്തിലെത്തിയപ്പോള്‍ കണ്ട ആള്‍കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നതായിരുന്നു. നേരെ ചൊവ്വെ ഒന്ന് ഫോട്ടോ എടുക്കാന്‍ പോലും കഴിയാത്ത വിധം വയലിനു ചുറ്റുമുള്ള സ്ഥലം 'പൂട്ട്പ്രേമികള്‍' കൈയ്യടക്കിയിരുന്നു. നാട്ടിന്‍പുറത്തെ കായിക മല്‍സരങ്ങളുടെ ആവേശം ശരിക്കും അനുഭവിച്ചറിഞ്ഞു. ഉച്ചനില തെറ്റിയ സൂര്യന്റെ അനുകൂല ലൈറ്റിങ്ങില്‍ കുറേയേറെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം, ആള്‍‍ക്കൂട്ടത്തില്‍ ആരും ഈയുള്ളവനെ  തിരിച്ചറിഞ്ഞില്ല എന്ന ആശ്വാസത്തില്‍ തിരിച്ച് നടക്കുമ്പോള്‍ മനസ്സ് എന്തോ അസ്വസ്ഥമായിരുന്നു ! കാണികളുടെ ആര്‍പ്പ് വിളികള്‍ക്കിടയില്‍ പൂട്ട്കണ്ടത്തിന്റെ ചെളിവെള്ളത്തില്‍ ആവേശം വാനോളമുയര്‍ത്തി കൊണ്ട് മരണപാച്ചില്‍ നടത്തുന്ന കാളക്കൂറ്റന്മാരുടെ കണ്ണുകളില്‍ നിഴലിച്ചു കണ്ട വികാരം എന്തായിരിക്കാം? 
കുതറിമാറാന്‍ കഴിയാത്ത വിധം നുകങ്ങളിലകപ്പെട്ട തങ്ങളുടെ ദൈന്യതയോ ? അതൊ മനുഷ്യന്റെ കേവല വിനോദങ്ങള്‍ക്കായി തങ്ങള്‍ക്ക് പീഡനമേല്‍ക്കേണ്ടി വരുന്നതിന്റെ പ്രതിഷേധമോ?

Comments

Popular Posts